തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 3 മെയ് 2015 (11:10 IST)
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം തിരക്കിട്ട് പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം. അതേസമയം, ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഇരട്ടമൂല്യനിര്‍ണയം ആവശ്യമുള്ള വിഷയങ്ങളില്‍ 10 ശതമാനത്തിലധികം മാര്‍ക്ക് വ്യത്യാസമുള്ള പേപ്പറുകളുടെ മൂന്നാം മൂല്യനിര്‍ണയമാണ് ഇനി ശേഷിക്കുന്നത്.
എസ് എസ് എല്‍ സി ഫലപ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പിന് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തില്‍ പ്ലസ് ടു പരീക്ഷാഫലം അതീവ സൂക്ഷ്‌മതയോടെയാണ് തയ്യാറാക്കുക. നിലവിലെ സാഹചര്യത്തില്‍ ഈ മാസം 12ന് ശേഷം മാത്രമേ പ്ലസ് ടു ഫലം പ്രഖ്യാപിക്കുകയുള്ളൂ.
95 ശതമാനം ടാബുലേഷന്‍ ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ലഭിച്ച മാര്‍ക്കുകള്‍ ഒത്തുനോക്കി ഡാറ്റ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്ന ജോലിയാണ് അടുത്തഘട്ടം. ഇതിനുശേഷമായിരിക്കും പരീക്ഷാ ബോര്‍ഡ് യോഗം ചേരുക.
ഏപ്രില്‍ ആറിനാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം തുടങ്ങിയത്. മൂല്യനിര്‍ണയ ജോലി ഏല്‍പിച്ചിട്ടും എത്താതിരുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.