തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടകോത്സവം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:47 IST)
നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ ദേശീയ സ്ത്രീ നാടകോത്സവം ഡിസംബര്‍ 23, 24, 25 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വച്ച് സംഘടിപ്പിക്കുന്നു. നിരീക്ഷ പ്രവര്‍ത്തനങ്ങളുടെ 23 ആം വാര്‍ഷികം കൂടിയാണീ ഉത്സവം.
കേരളത്തില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സ്ത്രീ നാടകോത്സവം സംഘടിപ്പിക്കപ്പെടുന്നത് തലസ്ഥാന നഗരിയില്‍ ആദ്യത്തേതും. മാത്രമല്ല ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്.
നിരീക്ഷ സംഘടിപ്പിക്കുന്ന ഈ സ്ത്രീ നാടകോത്സവത്തില്‍ 14 സ്ത്രീ സംവിധായകരുടെ വിവിധ തരത്തിലുള്ള നാടകങ്ങള്‍

മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്.

സ്ത്രീ നാടകോത്സവത്തിന്റെ പകല്‍വേളകളില്‍ സ്ത്രീകള്‍ക്കായുള്ള നാടക ശില്പശാല, വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ പങ്കെടുക്കുന്ന സെമിനാര്‍, കവിതാവതരണങ്ങള്‍, സംഗീത പരിപാടി, കളരി പെര്‍ഫോമന്‍സ് എന്നിവ ഉണ്ടായിരിക്കും. ഇതിനു പുറമേ കുടുംബശ്രീയുടെ സഹകരണത്തോടെ രംഗശ്രീയിലെ സ്ത്രീകള്‍ക്കായി മൂന്ന് ദിവസത്തെ നാടക ശില്പശാലയും വനിതാ കമ്മീഷന്റെ സഹകരണത്തോടെ കലാ സാംസ്‌കാരിക രംഗത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കേന്ദ്രമാക്കിയുള്ള
സെമിനാറും, കുട്ടികള്‍ക്കുള്ള പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കേരളത്തിന്റെ അകത്തും പുറത്തും നിന്നുള്ള നാടക വിദഗ്ധരായ സ്ത്രീകള്‍ ആയിരിക്കും ഈ ശില്പശാലകള്‍ നയിക്കുന്നത്.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ വകുപ്പിന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനന്റെയും നാടകത്തോടും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങളോടും കൈകോര്‍ക്കാന്‍ താല്പര്യമുള്ള സംഘങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ് നിരീക്ഷ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
തലസ്ഥാന നഗരിയുടെ മുഖമുദ്ര ആയി മാറുന്ന, ഒരു ഉത്സവം തന്നെയായിരിക്കും നിരീക്ഷ സ്ത്രീ നാടകവേദി അവതരിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവം. ദേശീയ സ്ത്രീ നാടകോത്സവം എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുവാനും വരും വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ നാടകോത്സവമായി വളര്‍ത്തുവാനും നിരീക്ഷ ഉദ്ദേശിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :