ശ്രീനു എസ്|
Last Modified ചൊവ്വ, 29 ഡിസംബര്‍ 2020 (17:33 IST)
ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ നാളെ അറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കളക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണു തെരഞ്ഞെടുപ്പ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തും. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടേുയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ പൂര്‍ണമായ ഒപ്പും മുദ്രയും പതിപ്പിച്ചാണു ബാലറ്റ് പേപ്പര്‍ തയാറാക്കുക. ഈ ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരേ ഃ എന്ന അടയാളം രേഖപ്പെടുത്തി ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം.
വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ വരണാധികാരി മുന്‍പാകെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രസിഡന്റ് മുന്‍പാകെയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കണം.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുമെന്നു കളക്ടര്‍ പറഞ്ഞു. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന നില സംബന്ധിച്ച് ആശങ്കയുള്ള പക്ഷം പൊലീസ് സംരക്ഷണമടക്കമുള്ള സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.