അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും, കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലീസ് ശ്രമിച്ചത്: രമേശ് ചെന്നിത്തല

ശ്രീനു എസ്| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (16:47 IST)
നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുന്തോട്ടം ലക്ഷം വീട് കോളനിയില്‍ പുറമ്പോക്കില്‍ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ദമ്പതികള്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പോലീസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ പോലീസ് നടത്തിയത് നരഹത്യയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലീസ് ശ്രമിച്ചത്. ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കുവാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയില്‍ പെട്രോള്‍ ഒഴിച്ച് നിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടര്‍ന്നത് പോലീസിന്റെ നടപടി കാരണമാണ്. സിഗരറ്റ് ലൈറ്റര്‍ പോലീസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടര്‍ന്ന് പിടിച്ചത്. പോലീസിനെ കയറൂരി വിട്ടിരിക്കുന്നത് കാരണം അവര്‍ക്ക് എന്തും ചെയ്യാമെന്ന നിലയാണിപ്പോള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഹങ്കാരം വര്‍ദ്ധിച്ചിരിക്കുകയാണ്. പാവങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :