ശ്രീനു എസ്|
Last Updated:
വെള്ളി, 5 ജൂണ്‍ 2020 (18:55 IST)
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'സഫലം' പദ്ധതിയ്ക്ക് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം കവയിത്രി സുഗതകുമാരി ടീച്ചര്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
വരുംദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വീടുകളിലുമായി 12000 ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതി പ്രകാരം നട്ടുപിടിപ്പിക്കുന്നത്.
വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം അവ നട്ടുവളര്‍ത്തി ഫലവൃക്ഷങ്ങളാക്കിയെടുക്കുന്നതിനുള്ള ചുമതല നമുക്കുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. അന്തരീക്ഷമലിനീകരണവും ഭൂമിയുടെ ചൂടും കൊണ്ട് മനുഷ്യനും, സര്‍വ്വജീവജാലങ്ങള്‍ക്കും, അന്തരീക്ഷത്തിനും ആപത്തുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നെന്നും അതിലൊരു മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നെന്നും അഭിപ്രായപ്പെട്ട ടീച്ചര്‍ ഭൂമിയെ ആശ്വസിപ്പിക്കാന്‍ പന്ത്രണ്ടായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശിവകുമാര്‍ മുന്നോട്ടുവന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.
സൂര്യ കൃഷ്ണമൂര്‍ത്തി, ആര്‍കിടെക്ട് ശങ്കര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ, പ്രൊഫസര്‍ അച്യുത്ശങ്കര്‍, ഡോ.എം.ആര്‍.തമ്പാന്‍, ഡോ. ആരിഫ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രീത.കെ.എല്‍, പ്രിന്‍സിപ്പാള്‍ എച്ച്.എം. രാജശ്രീ.ജെ എന്നിവര്‍ ചേര്‍ന്ന് നട്ടുപരിപാലിക്കാനുദ്ദേശിക്കുന്ന പന്ത്രണ്ടായിരം വൃക്ഷത്തൈകളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് വൃക്ഷത്തൈകള്‍ കോട്ടണ്‍ഹില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നട്ടു.