നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 28 മെയ് 2021 (12:14 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാക്കള്‍ ഒത്തുകൂടുന്നത് പലയിടത്തും സ്ഥിരം കാഴ്ചയാകുന്നു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ബിരിയാണിവച്ച യുവാക്കള്‍ക്ക് എട്ടിന്റെ പണിയാണ് പൊലീസ് കൊടുത്തത്.
മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടില്‍ ഒരു കോഴി ഫാമിലാണ് ഏതാനും ആളുകള്‍ ചേര്‍ന്ന് കോഴിബിരിയാണി ഉണ്ടാക്കിയത്. ബിരിയാണിയൊക്കെ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ എല്ലാവരും വട്ടമിട്ടിരുന്ന് കഴിക്കാനും തുടങ്ങി. അപ്പോഴാണ് വിളിക്കാത്ത അതിഥികളായി പൊലീസ് എത്തിയത്. ബിരിയാണിവെപ്പിന് ഒത്തുകൂടിയവര്‍ ഉള്ള പ്രാണനും കൊണ്ട് ഓടിരക്ഷപ്പെട്ടു. കാറിലും ബൈക്കിലുമായി എല്ലാവരും രക്ഷപ്പെടുകയായിരുന്നു. ഇതില്‍ പലരും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നു.
സ്ഥലത്ത് നിന്ന് മൂന്ന് ബിരിയാണി ചെമ്പുകള്‍, 10 ബൈക്ക്, ഒരു കാര്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിരിയാണി സംഘത്തില്‍ 20 ല്‍ ഏറെപ്പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.