ട്രിപ്പിള്‍ ലോക്ഡൗണിനെ കാറ്റില്‍ പറത്തി എകെജി സെന്ററില്‍ കേക്ക് മുറിച്ച് ഇടതുമുന്നണിയുടെ ആഘോഷം; ഡിജിപിക്ക് പരാതി

ശ്രീനു എസ്| Last Updated: തിങ്കള്‍, 17 മെയ് 2021 (21:26 IST)
ട്രിപ്പിള്‍ ലോക്ഡൗണിനെ കാറ്റില്‍ പറത്തി എകെജി സെന്ററില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ഇടതുമുന്നണിയുടെ പ്രവര്‍ത്തിക്കെതിരെ ഡിജിപിക്ക് പരാതി. ഇന്ന് നടന്ന ഇടതുമുന്നണിയോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തുകയായിരുന്നു. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണിന്റെ ലംഘനമാണിതെന്നാണ് ആരോപണം.

ആഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപി ഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, തുടങ്ങി നിരവധിപേര്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ നാലുജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500പേര്‍ പങ്കെടുക്കുന്നതിന് തീരുമാനമായിട്ടുണ്ട്. മെയ് 20നാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങ് നടക്കുന്നത്. 50,000ലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയമെന്നും എന്നാല്‍, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ 40,000ത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചുരുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :