കുടമാറ്റം കാണാന്‍ കുടയുമായി പോകേണ്ടിവരും; തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വൈകീട്ടോടെ ഇടിയോടു കൂടിയ മഴയെന്ന് മുന്നറിയിപ്പ്

രേണുക വേണു| Last Modified ചൊവ്വ, 10 മെയ് 2022 (11:07 IST)

തൃശൂര്‍ പൂരത്തിന്റെ രസം കെടുത്താന്‍ മഴ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ വരുംമണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ സാന്നിധ്യത്താലാണ് കേരളത്തില്‍ മഴ മുന്നറിയിപ്പ്.

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം നിലവില്‍ ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയും വിശാഖപട്ടണത്ത് നിന്ന് 300 കിലോമീറ്റര്‍ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. തീവ്ര ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളി വെറും ചുഴലിക്കാറ്റായി ശക്തി കുറഞ്ഞേക്കും.

കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വൈകിട്ടോടെയാണ് കേരളത്തില്‍ മഴ കനക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കും. അതുകൊണ്ട് തന്നെ ചൂട് കുറയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :