തൃശൂര്‍ പൂരം: മെഡിക്കല്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി; ഇന്നുതന്നെ ശുപാര്‍ശ സമര്‍പ്പിക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (14:38 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള മെഡിക്കല്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. ശുപാര്‍ശ ഇന്നുതന്നെ വിദഗ്ധ സമിതി സമര്‍പ്പിക്കും. ഇന്നുവൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശുപാര്‍ശ പരിശോധിച്ച് പൂരം നടത്തുന്നതു സംബന്ധിച്ച് തീരുമാനത്തിലെത്തും.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. രവീന്ദ്രന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ബിനു അറീക്കല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. അതേസമയം വൈകുന്നേരത്തെ ചീഫ് സെക്രട്ടറിയുടെ യോഗത്തിനു ശേഷമായിരിക്കും പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പാസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനിക്കുക. ഇന്ന് രാവിലെ 10 മണിമുതല്‍ പാസ് നല്‍കി തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :