തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പി.ടി.തോമസിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിക്ക് സാധ്യത

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:45 IST)

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിവിധ മുന്നണികള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. പി.ടി.തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. പി.ടി.തോമസിന്റെ പിന്‍ഗാമിയായി ആര് വേണമെന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നു. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കരയെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. പി.ടി.തോമസ് വികാരം ശക്തമായി നിലനില്‍ക്കുന്നതിനാല്‍ തൃക്കാക്കരയില്‍ ജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഉപതിരഞ്ഞെടുപ്പില്‍ ആര് നിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. മുതിര്‍ന്ന നേതാക്കളും സീറ്റില്‍ കണ്ണുവയ്ക്കുന്നു. തൃക്കാക്കര സീറ്റ് തങ്ങളുടേതാണെന്നാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്. പി.ടി.യുടെ ഭാര്യ ഉമാ തോമസിനെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അനൗദ്യോഗിക സംഭാഷണങ്ങള്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. പി.ടി.യുടെ അടുത്ത സുഹൃത്ത്, നെതര്‍ലന്‍ഡ്‌സ് അംബാസിഡറായിരുന്ന വേണു രാജാമണിയുടെ പേരും ഉയരുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :