കോതമംഗലം.|
Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (20:35 IST)
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തതായി ആരോപണം. ജോയ്സ് ജോര്‍ജ് എംപി തന്റെ വണ്ടി തടഞ്ഞത് കൊലകൊല്ലിയെപ്പോലെയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. നിലവാരമില്ലാത്ത നടപടിയായി ഇത്, പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെ.കൊട്ടക്കമ്പൂരിലെ സ്ഥലം ഇടപാടിനെ തുടര്‍ന്നാണ് എംപിക്ക് തന്നോട് വൈരാഗ്യമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ജനപ്രതിനിധി പെരുമാറുന്നതുപോലെയല്ല എംപി പെരുമാറിയത്. മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. സിപിഎം നേതാക്കള്‍ പോലും വളരെ പോസിറ്റീവായാണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഒരാള്‍ കാണിക്കുന്ന കൊള്ളരുതായ്മയ്ക്ക് ആദിവാസികളെ ശിക്ഷിക്കാനാവില്ല. ആദിവാസി മേഖലയിലേക്കുള്ള റോഡിന് ഇളവു നല്‍കും. കൂടുതല്‍ ഇളവിനായി ബാംഗൂരിലെ മേഖലാ ഓഫിസിനെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയെ തടഞ്ഞ എംപിയുടെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ മന്ത്രിയെ തടഞ്ഞത് അപലപനീയമെന്നും സുധീരന്‍ പറഞ്ഞു. ജോയ്സ് ജോര്‍ജിന്റെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ അന്വഷണത്തോടുള്ള വിരോധമാണ് മന്ത്രിയെ കൈയേറ്റം ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് മുന്‍ എംപി പി ടി തോമസ് പറഞ്ഞു.
ഇടുക്കി മാമലക്കണ്ടത്ത് മലയോര ഹൈവേയുടെ കലുങ്കുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൈയേറ്റശ്രമം നടന്നത്. ജോയ്സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളും ആദിവാസികളും ചേര്‍ന്ന് മന്ത്രിയുടെ വാഹനം തടഞ്ഞശേഷമായിരുന്നു കൈയേറ്റശ്രമം.
ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയായ നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായുള്ള കലുങ്ക് പൊളിച്ചു നീക്കിയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇവിടെ ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെ നിരാഹാര സത്യാഗ്രവും നടന്നിരുന്നു. പിന്നീട് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.