കൂറുമാറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യനാക്കി

തിരുവനന്തപുരം| jibin| Last Modified വ്യാഴം, 22 മെയ് 2014 (15:15 IST)
കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് കോട്ടയം ജില്ലയില്‍ അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടികെ റജിമോനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അയോഗ്യനാക്കി. പഞ്ചായത്തിലെ മറ്റൊരംഗമായ അനിലാ ബാബുവിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 20 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 13-ഉം എല്‍ഡിഎഫിന് ആറും സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചു. തുടര്‍ന്ന് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗവും, വൈസ് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് അംഗമായ റജിമോനും തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം നാലുവര്‍ഷത്തേയ്ക്കാണ് നല്‍കിയത്. അതില്‍ രണ്ടര വര്‍ഷം റജിമോനും തുടര്‍ന്ന് മറ്റൊരംഗത്തിനും വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ധാരണയായി.

എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും സ്ഥാനം രാജിവെയ്ക്കാന്‍ റജിമോന്‍ തയ്യാറായില്ല. ഇത് കാരണം കേരളാ കോണ്‍ഗ്രസ് (എം) റജിമോനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. വോട്ടെടുപ്പില്‍ റജിമോനൊപ്പം എതാനും കോണ്‍ഗ്രസ് അംഗങ്ങളും, സിപിഐ (എം) അംഗങ്ങളും വിട്ടു നിന്നതിനെത്തുടര്‍ന്ന് അവിശ്വാസപ്രമേയം പരാജയപ്പെട്ടു.

പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയും എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടാന്‍ സാഹചര്യമുണ്ടാക്കുകയും ചെയ്ത നടപടി കൂറുമാറ്റമാണന്ന് വിലയിരുത്തിയ കമ്മീഷന്‍ റജിമോനെ അയോഗ്യനാക്കി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ആറു വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :