തിരുവനന്തപുരം|
Last Modified വ്യാഴം, 22 മെയ് 2014 (14:54 IST)
രണ്ടായിരത്തി പന്ത്രണ്ടിലെ പ്രവാസി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതായി പ്രവാസി ക്ഷേമ മന്ത്രി കെസി ജോസഫ് അറിയിച്ചു. പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് സുധീശ് കുമാറിന്റെ ഭൂതക്കാഴ്ചകള്‍ നോവല്‍ വിഭാഗത്തിലും റീനി ജേക്കബിന്റെ റിട്ടേണ്‍ ഫ്‌ളൈറ്റ് കഥാവിഭാഗത്തിലും അര്‍ഹമായി. വര്‍ക്കല സ്വദേശിയായ സുധീശ് കുമാര്‍ മനാമയിലെ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്നു. അമേരിക്കന്‍ മലയാളിയായ റീനി ജേക്കബ് കൊച്ചി സ്വദേശിനിയാണ്.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ 2011 ല്‍ ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്ത നദീറ അജ്മലിന്റെ ആത്മഹത്യാ മുനമ്പിലെ പ്രവാസി ജീവിതം'എന്ന ന്യൂസ് ഫീച്ചറിനാണ് പുരസ്‌കാരം. മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ വി. അബ്ദുള്‍ മജീദ് തയ്യാറാക്കിയ 'ഷൈലോക്കിന്റെ കെണിയിലകപ്പെടുന്ന പ്രവാസ ജീവിതം' എന്ന വാര്‍ത്താ പരമ്പര പ്രവാസി പത്ര മാധ്യമ പുരസ്‌കാരത്തിനും അര്‍ഹമായി. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.
ശ്രവ്യ മാധ്യമ വിഭാഗത്തില്‍ അനധികൃത കുടിയേറ്റത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ന്യൂസ് ഫീച്ചര്‍ തയ്യാറാക്കിയ സിന്ധു ബിജുവിന്റെ 'ക്യാംപൈയിന്‍ എഗന്‍സ്റ്റ് ഇല്ലീഗല്‍ സ്റ്റേ പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹമായി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രവാസി സാമൂഹിക സേവന പുരസ്‌കാരത്തിന് സാഗീര്‍. റ്റി തൃക്കരിപ്പൂര്‍-കുവൈറ്റ്, രാമത്ത് ഹരിദാസ്-ബഹറിന്‍, ഒ.വൈ അഹമ്മദ് ഖാന്‍-യു.എ.ഇ, കരീം അബ്ദുളള-ഖത്തര്‍, പി.എ.വി. അബൂബക്കര്‍-ഒമാന്‍ എന്നിവര്‍ അര്‍ഹരായി.
പ്രവാസി മലയാളികള്‍ക്കിടയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിയമസഹായ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സാമൂഹിക പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. നോര്‍ക്ക റൂട്ട്‌സാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.