30 പവനും പണവും മോഷ്ടിച്ചത് അടുത്ത ബന്ധു; മോഷണ വിവരം വീട്ടുകാരെ അറിയിച്ചതും പൊലീസിനെ വിളിച്ചുപറഞ്ഞതും ഇയാള്‍ തന്നെ, ഒടുവില്‍ പിടിവീണു

രേണുക വേണു| Last Modified ശനി, 21 ഓഗസ്റ്റ് 2021 (16:09 IST)

പത്തനംതിട്ട റാന്നിയിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് 30 പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ അടുത്ത ബന്ധുവും അയല്‍വാസിയുമായ യുവാവ് അറസ്റ്റില്‍. മാമ്പാറ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടില്‍നിന്നുമാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. പരമേശ്വരന്‍ പിള്ളയുടെ സഹോദരപുത്രന്‍ പെരുനാട് മാമ്പാറ ചന്ദ്രമംഗലത്ത് ബിജു ആര്‍.പിള്ള (45) ആണ് അറസ്റ്റിലായത്. മോഷണം നടന്ന് പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പെരുനാട് പഞ്ചായത്തിലെ കക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അറസ്റ്റിലായ ബിജു.

ഈ മാസം 11 നാണ് മോഷണം നടന്നത്. പരമേശ്വരന്‍ പിള്ള ആശുപത്രിയിലായിരുന്നതിനാല്‍ മൂന്ന് ദിവസം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ മാസം 11 ന് രാത്രി 10.30 ക്ക് ശേഷമാണ് ബിജു വല്യച്ഛന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്. മോഷണം നടന്ന് അധികം വൈകാതെ വീട്ടുകാരെ സംഭവം അറിയിച്ചതും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതും ബിജു തന്നെയാണ്. വീട്ടില്‍ ആരോ കയറിയെന്നും ശബ്ദം കേട്ടെന്നും പറഞ്ഞാണ് ബിജു എല്ലാവരേയും വിളിച്ചുകൂട്ടിയത്. പിന്നിലെ ജനാല ഇളക്കിമാറ്റി വീട്ടിലെ നിരീക്ഷണ ക്യാമറയില്‍പെടാതെയായിരുന്നു മോഷണം. അതുകൊണ്ടുതന്നെ അടുത്തറിയാവുന്ന ആരെങ്കിലുമായിരിക്കും മോഷണം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :