വയോധികയുടെ മാല പൊട്ടിച്ചോടിയ വിരുതനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (20:39 IST)
മല്ലപ്പള്ളി: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നു കളഞ്ഞ വിരുതനെ നാട്ടുകാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. റാന്നി കരിംകുളം കള്ളിക്കാട്ടില്‍ ബിനു തോമസ് എന്ന 30 കാരനാണ് പിടിയിലായത്.

ബാങ്കില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് വഴി ചോദിക്കാന്‍ എന്ന വ്യാജേന എത്തിയാണ് ബിനു തോമസ് വയോധികയുടെ മാല കവര്‍ന്നത്. എഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തെള്ളിയൂര്‍ അനിതാ നിവാസില്‍ രാധാമണിയമ്മയുടെ (70) മാല പൊട്ടിച്ചത്. എന്നാല്‍ മാല പൊട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് കൈയില്‍ കിട്ടിയ മാലയുടെ ഭാഗവുമായി ബിനു തോമസ് കടന്നുകളഞ്ഞു.

എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം അടുത്ത വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും കോയിപ്രം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ തടിയൂര്‍ റോഡിലെ സ്വകാര്യ സ്‌കൂളിനടുത്തുള്ള വീട്ടിലെ എരുത്തിലിനടുത്ത് നിന്ന് ഇയാളെ പിടികൂടിയത്. മോഷണ കേസുകള്‍ ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :