സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 23 നവംബര്‍ 2022 (17:54 IST)
അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഇറ്റ്ഫോക്ക് 2023 ഫെസ്റ്റിവല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. ഒന്നിക്കണം മാനവീകത എന്ന ആശയത്തിലാണ് ഫെസ്റ്റിവലിന്റെ അവതരണമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍. സമകാലിക ലോകനാടകങ്ങള്‍, സമകാലിക ഇന്ത്യന്‍ നാടകങ്ങള്‍, തിയേറ്റര്‍ കൊളേക്വിയം, പൊതുപ്രഭാഷണങ്ങള്‍, മ്യൂസിക് ക്രോസ് ഓവര്‍, സ്ട്രീറ്റ് ആര്‍ട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീന്‍ ടൈം എന്നീ വിഭാഗങ്ങളിലായി ഇന്ത്യ സൗത്ത് ആഫ്രിക്ക, താഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാന്‍, ലെബനന്‍, പാലസ്തീന്‍, ഇസ്രായേല്‍, തായ്വാന്‍, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ വേദിയിലെത്തും. അന്തരിച്ച പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് പീറ്റര്‍ ബ്രൂക്കിന്റെ ഷേക്‌സ്പീരിയന്‍ നാടകം ടെമ്പസ്റ്റ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെടും.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറായ അനുരാധ കപൂര്‍, പ്രശസ്ത നാടക സംവിധായകനും ഡല്‍ഹി അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് കള്‍ച്ചറിലെ പ്രൊഫസറുമാ ദീപന്‍ ശിവരാമന്‍, ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലെ അധ്യാപകനായ പ്രൊഫ അനന്തകൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് നാടകങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫെസ്റ്റിവല്‍ ഡയറക്ട്രേറ്റ് സമിതി. നാല് കോടിയോളം രൂപ ചെലവിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ എത്തിതുടങ്ങിയിട്ടുണ്ട്. വിദേശ നാടകങ്ങള്‍ക്കു ലഭിക്കുന്ന അതെ പരിഗണന രാജ്യത്തിനുള്ളില്‍ നിന്നുള്ള നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി