കൊച്ചി|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (17:45 IST)
ഭൂമി നല്‍കാത്തതിനു തന്നെ പ്രതിയാക്കിയെന്ന് ആരോപിച്ച് കന്യാകുമാരി സ്വദേശി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ആണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരിക്കെതിരെ ഹര്‍ജി നല്‍കിയത്.
കുഴിത്തുറയില്‍ മണികണ്ഠന്‍റെ 34 ഏക്കാര്‍ സ്ഥലം തച്ചങ്കരിയുടെ ഭാര്യ ഡയറക്ടറായ എ.പി.ജി ഡെവലപ്പേഴ്സിന്‍റെ ക്വാറിക്കു വേണ്ടി വാങ്ങാന്‍ 6.5 കോടി രൂപയ്ക്ക് കരാറാക്കിയിരുന്നു. 2.5 കോടി മുന്‍കൂറായി നല്‍കുകയും ചെയ്തു.
എന്നാല്‍ ബാക്കി പണം നല്‍കാതെ ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കണം എന്ന നിലപാടിലായിരുന്നു എ.പി.ജി ഡെവലപ്പേഴ്സ്. എന്നാല്‍ ഇതിനു വിസമ്മതിച്ചപ്പോള്‍ തന്നെ പൊലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയെന്നും പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളില്‍ പ്രതിയാക്കിയെന്നും മണികണ്ഠന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കി 2011 ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ ഫലമുണ്ടായില്ലെന്നും പീഡനക്കേസിലെ പെണ്‍കുട്ടി തിരിച്ചറിയല്‍ പരേഡില്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്നും മണികണ്ഠന്‍ ഹര്‍ജിയില്‍ പറയുന്നു. തച്ചങ്കരിയുടെ അന്യായമായ ഇടപെടലുകളെ കുറിച്ച് അന്ന് എ.ഡി.ജി.പി ആയിരുന്ന സെന്‍കുമാര്‍, എസ്.പി ഉണ്ണിരാജ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതും ഹര്‍ജിയില്‍ ഉണ്ട്.