വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (07:58 IST)
കൊച്ചി: സ്വർണക്കടത്ത് ഡോളർ കടത്ത് ഉൾപ്പടെയുള്ള കേസുകളിൽ ഉന്നതരുടെ പേര് പറഞ്ഞാൽ ജയിലിനുള്ളിൽ തീർത്തുകളയുമെന്ന് ഭീഷണിയെന്ന് സ്വപ്ന സുരേഷ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഭീഷണിയുള്ള കാര്യം സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. സ്വപ്നയ്ക്ക് സംരക്ഷണം നൽകൻ ജെയിൽ ഡിജിപിയ്ക്ക് കോടതി നിർദേശം നൽകി. ജയിലിൽവച്ച് പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ ചിലരാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം അട്ടക്കുളങ്ങര ജെയിലിൽ കഴിയവെ ജയിൽ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ ചിലർ ഭീഷണിപ്പെടുത്തിയെന്നും, ഇവരെ കണ്ടാൽ തിരിച്ചറിയാനാകും എന്നും സ്വപ്ന കോടതിയിൽ നൽകിയ ഹർജീയിൽ പറയുന്നു. 'ഒരു അന്വേഷണ ഏജസികളുമായും സഹകരിയ്ക്കരുത് എന്നും എന്തെങ്കിലും പുറത്തുപറഞ്ഞാൽ പുറത്തുവച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താനും, ജയിലിനകത്ത് വച്ച് എന്നെ തീർപ്പാക്കാനും കഴിയും എന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തി. അട്ടക്കുളങ്ങരയിലേയ്ക്കാണ് മടങ്ങേണ്ടത്. ഉന്നതർ അപായപ്പെടുത്തുമോ എന്ന ഭയമുണ്ട്' എന്നാണ് സ്വപ്ന ഹർജിയിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്.