സർപ്രൈസ് ഗിഫ്റ്റ് തട്ടിപ്പ് : വീട്ടമ്മയുടെ 6.75 ലക്ഷം നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (15:00 IST)
തിരുവനന്തപുരം: വിദേശത്തു നിന്ന് സർപ്രൈസ് ഗിഫ്റ്റ് എത്തുമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച വീട്ടമ്മയുടെ 6.75 ലക്ഷം നഷ്ടപ്പെട്ടു. സ്വദേശിയായ നാല്പത്തിനാലുകാരിയായ യുവതിക്കാണ് ലക്ഷങ്ങൾ വിലമതിക്കുന്ന വിദേശ സർപ്രൈസ് ഗിഫ്റ്റ് എത്തുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചു പണം നഷ്ടപ്പെട്ടത്.

സമൂഹമാധ്യമമായ ഫേസ്‌ബുക്കിലൂടെ നിരന്തര ചാറ്റ്,തുടർന്ന് വീഡിയോ കോളും നടത്തിയാണ് യുവതിയുമായി ബന്ധപ്പെട്ടു തട്ടിപ്പുകാർ വിശ്വാസം നേടിയത്. ഇതിനിടെ സമ്മാനമായി അയയ്ക്കുന്ന സാധനങ്ങൾ അടങ്ങിയ സർപ്രൈസ് ഗിഫ്റ് പാക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങളും അയച്ചു.

അധികം വൈകാതെ ദൽഹി എയർപോർട്ടിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിൽ ഒരു സ്ത്രീയുടെ ഫോൺ കോളുമെത്തി. കസ്റ്റംസ് ക്ളീയറന്സിനായി കുറച്ചു പണം വേണമെന്നായിരുന്നു ഇതിൽ ആവശ്യപ്പെട്ടത്. എങ്കിലും സംശയം തോന്നി വിദേശത്തുള്ള ആളുമായി കാഞ്ഞിരംപാറയിലെ യുവതി ബന്ധപ്പെട്ടു വിവരം പറഞ്ഞപ്പോൾ ഇന്ത്യയിൽ മാത്രമാണ് ഇത്തരം പ്രോസസിംഗ് ഫീ ഈടാക്കുന്നതെന്നും മറ്റുള്ള മിക്ക രാജ്യങ്ങളിലും ഇത്തരം നൂലാമാലകൾ ഇല്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് സുഹൃത്ത് പറഞ്ഞ പ്രകാരം സ്ത്രീയുടെ അക്കൗണ്ടിൽ 35000 രൂപ അയച്ചു.

എന്നാൽ പിന്നീട് കസ്റ്റംസ് ഒഫിഷ്യൽ ആണെന്ന് പറഞ്ഞു മറ്റൊരാളും യുവതിക്ക് ഫോൺ ചെയ്തു. യുവതിക്ക് വന്ന പാഴ്‌സലിൽ സ്വർണ്ണാഭരങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നും ഇത്തരം വസ്തുക്കൾ പാഴ്‌സലിൽ അയക്കുന്നത് തെറ്റാണെന്നും പറഞ്ഞു. അതിനാൽ ഒരു നിശ്ചിത ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും പറഞ്ഞു. അതനുസരിച്ചു യുവതി ഇയാൾക്ക് ആദ്യം 2.45 ലക്ഷവും പിന്നീട് 197500 രൂപയും അയച്ചു. പിന്നീടാണ് താൻ കബളിക്കപ്പെട്ടെന്നു യുവതിക്ക് മനസ്സിലായതും സൈബർ ക്രൈം ഓഫീസിൽ പരാതി നൽകിയതും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :