ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 25 ജൂണ്‍ 2022 (19:56 IST)
കരുനാഗപ്പള്ളി: ദമ്പതികളെ വീട്ടിൽ വൈദ്യുതാഘാതമേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കല്ലേലിഭാഗം സാബു മന്ദിരത്തിൽ സാബു (52), ഭാര്യ ഷീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കി എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

സാബുവിന്റെ കൈ വൈദ്യുത വയർ കൊണ്ട് ബന്ധിച്ച നിലയിലും സാബുവിനെ ചേർത്ത് പിടിച്ച നിലയിൽ ഷീജയുടെയും മൃതദേഹങ്ങൾ കാണപ്പെട്ടു. വീട്ടിലെ മുറിയിലുള്ള പ്രധാന സ്വിച്ച് ബോർഡിൽ നിന്ന് കട്ടിലിനടുത്ത് ഒരു എക്സ്റ്റൻഷൻ സ്വിച്ച് ബോർഡ് ഘടിപ്പിച്ചിരുന്നു. സാബുവുമായി ബന്ധിപ്പിച്ചിരുന്ന വയർ ഈ ബോർഡിൽ ബന്ധിപ്പിച്ച നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ നാലിനും അഞ്ചിനും ഇടയ്ക്കായിരുന്നു സംഭവം എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്ന് കരുനാഗപ്പള്ളി സി.ഐ പറഞ്ഞു. മാരാരിത്തോട്ടത്തെ മിടുക്കൻ മുക്കിനടുത്ത് ചെരുപ്പുകട നടത്തുന്നയാളാണ് സാബു. ഭാര്യ ഷീജ എറണാകുളം ഇൻഫോപാർക്കിലെ ജീവനക്കാരിയും.

ജോലി സംബന്ധിച്ച് ഇരുവരും എറണാകുളത്തു പോയ ശേഷം രാത്രി വൈകിയാണ് തിരികെയെത്തിയത്. നേരം വെളുത്തിട്ട് ഒമ്പതുമണിയായിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവരുടെ ഏകമകൻ അഭിനവ് കൃഷ്ണ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച അകത്തു കടന്നപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വൈദ്യുതി സ്വിച്ച് ഓഫ് ചെയ്ത ശേഷം അയൽക്കാരെ വിവരം അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളിൽ ഇവർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാർ, ബൈക്ക് എന്നിവ വിറ്റിരുന്നു. അടുത്തിടെ ചില വസ്തുക്കളും ഇവർ വിറ്റഴിച്ചിരുന്നു. പോലീസ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :