ഒലവക്കോട്|
Last Modified ശനി, 24 മെയ് 2014 (15:13 IST)
അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വന്ന 400 കുട്ടികളെ ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി. പാട്ന എറണാകുളം ട്രെയിനിലാണ് 11 വയസില്‍ താഴെയുള്ള 400 കുട്ടികള്‍ എത്തിയത്.
പ്രാഥമികമായ പരിശോധനയില്‍ കോഴിക്കോട് മുക്കം മുസ്ലീം ഓര്‍ഫനേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഏറിയ പങ്ക് വിദ്യാര്‍ത്ഥികളും ബീഹാര്‍ സംസ്ഥാനത്തില്‍ നിന്നുമുള്ളവരാണ്.
കുട്ടികള്‍ക്കൊപ്പം 21 മുതിര്‍ന്നവരും എത്തിയിട്ടുണ്ട്. ട്രെയിനിലെ നാല് ബോഗികളിലായിട്ടാണ് ഇവര്‍ എത്തിയത്. ഓര്‍ഫനേജില്‍ പഠിക്കുന്ന ഇവര്‍ അവധിക്കായി നാട്ടില്‍ പോയി മടങ്ങിവന്നതെന്നാണ് റെയില്‍വെ പൊലീസിന് ഇവരോടൊപ്പം ഉള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
കുട്ടികളില്‍ പലര്‍ക്കും മലയാളം അറിയാം. ഇവര്‍ നേരത്തെ ഓര്‍ഫനേജില്‍ പഠിക്കുന്നവരെന്നാണ് ഇത് തെളിവ് നല്‍കുന്നത്. തിരിച്ച് വന്നപ്പോള്‍ പുതിയതായി അധികം കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്നുവെന്ന് മുതിര്‍ന്നവര്‍ പൊലീസിനോട് പറഞ്ഞു.
അവശരായ കുട്ടികള്‍ക്ക് പൊലീസ് ഭക്ഷണവും വെള്ളവും നല്‍കി. ഇവരെക്കുറിച്ചും ഓര്‍ഫനേജിനെക്കുറിച്ചും പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.