ഫേസ്ബുക്കില്‍ ഇടാന്‍ റെയില്‍‌വെ ട്രാക്കില്‍ ഇരുന്ന് ഫോട്ടോ എടുത്ത വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍| Last Modified വ്യാഴം, 22 മെയ് 2014 (13:46 IST)
അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇടാനായി റയില്‍വേ ട്രാക്കിലിരുന്നു ഫോട്ടോയ്ക്കു പോസ്‌ ചെയ്‌ത വിദ്യാര്‍ഥി ട്രെയിനിടിച്ചു മരിച്ചു. സഹോദരന്റെയും കൂട്ടുകാരന്റെയും കണ്‍മുന്നിലായിരുന്നു മരണം സംഭവിച്ചത്.

ഗള്‍ഫില്‍ ജോലിചെയ്യുന്ന ചിയ്യാരം സേവനാലയം പള്ളിക്കു സമീപം പുലിക്കോട്ടില്‍ വിന്‍സന്റിന്റെയും നിഷയുടെയും മകന്‍ എഡ്‌വിന്‍ (16) ആണു മരിച്ചത്‌. ചേര്‍പ്പ്‌ ലൂര്‍ദ്ദ്‌ മാത സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന എഡ്‌വിന്‍ എസ്‌എസ്‌എല്‍സി വിജയിച്ചിരുന്നു. ചിയ്യാരം നസ്രാണി പാലത്തിനടുത്താണു സംഭവം.

എഡ്‌വിനും സഹോദരന്‍ ഗോഡ്‌വിനും കൂട്ടുകാരും സന്ധ്യയോടെയാണു കണിമംഗലം കോള്‍പാടത്ത്‌ എത്തിയത്‌. അവധിയും പത്താം ക്ലാസ്‌ വിജയാഘോഷവും ക്യാമറയില്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുകയായിരുന്നു ഉദ്ദേശ്യം. തിരിച്ചു വരുമ്പോള്‍ കൂടെ ഉണ്ടായിരുന്ന മൂന്നു കൂട്ടുകാര്‍ വീട്ടില്‍പ്പോയി.

കുറച്ചുകൂടി ഫോട്ടോ എടുക്കാനായി എഡ്‌വിനും സഹോദരനും കൂട്ടുകാരനും ചേര്‍ന്നു നസ്രാണിപ്പാലത്തിനു സമീപത്തുള്ള റയില്‍വേ ട്രാക്കിനരികിലൂടെ നടന്നു. ട്രാക്കില്‍ ഇരുന്നു പടം എടുക്കുന്ന തിരക്കില്‍ ട്രെയിന്‍ വരുന്നതു ശ്രദ്ധിക്കാനായില്ല.

എഡ്‌വിന്‍ അവസാന നിമിഷം മാറാന്‍ ശ്രമിച്ചുവെങ്കിലും കല്ലില്‍ തട്ടി ട്രാക്കിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ എഡ്‌വിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :