സംസ്ഥാന ഭാഗ്യക്കുറിയിൽ വെബ്‌സൈറ്റ് വഴി തട്ടിപ്പ്

എ കെ ജെ അയ്യർ| Last Modified ഞായര്‍, 2 ജൂലൈ 2023 (12:30 IST)
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭാഗ്യക്കുറിയിൽ വെബ്‌സൈറ്റ് വഴിയുള്ള തട്ടിപ്പ് കണ്ടെത്തി. കേരള മെഗാ ലോട്ടറി എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജ ടിക്കറ്റ് വിൽപ്പനയും തട്ടിപ്പും ഉള്ളതായി കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്തുള്ളവരെ ലക്ഷ്യമാക്കിയാണ് തട്ടിപ്പു സംഘം ഇത് തുടങ്ങിയത് എന്നാണു കരുതുന്നത്.

സകലരെയും കെണിയിൽ വീഴ്‌ത്തുന്ന രീതിയിലാണ് വെബ്‌സൈറ്റിൽ സമ്മാനം ലഭിച്ചവരുടെ പേരും ടിക്കറ്റ് നമ്പറും മറ്റു കാര്യങ്ങളും കൊടുത്തിട്ടുള്ളത്. മെസേജ് വഴിയാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. ലോട്ടറി ലഭിച്ചു എന്ന് പറഞ്ഞു റിസർവ് ബാങ്ക് ഗവർണറുടെ വരെ വ്യാജ ഒപ്പുള്ള സർട്ടിഫിക്കറ്റുമായാണ് ഇവർ വ്യാജ ലോട്ടറി എടുത്തവർക്ക് അയച്ചു കൊടുക്കുന്നത്.

അടുത്തിടെ ചെന്നൈ സ്വദേശിക്കു ലോട്ടറി സമ്മാനം ലഭിച്ചു എന്ന് കാണിച്ചു ഇവർ അയച്ച സർട്ടിഫിക്കറ്റിൽ സംസ്ഥാന സർക്കാർ മുദ്രയും വച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഭാഗ്യക്കുറിക്കു സാമ്യമുള്ള ടിക്കറ്റുകളുടെ ഫോട്ടോ വച്ചാണ് ഇവർ വിൽപ്പന നടത്തുന്നത്. വിലയും ഇത് തന്നെ. ഇതിനൊപ്പം സമ്മാനം ലഭിച്ചയാൾ ഓഫീസ് ചിലവിന് എന്ന് പറഞ്ഞു ചെറിയൊരു തുകയും ഇവർക്ക് നൽകണം.

തിരുവനന്തപുരത്തെ ഗോർഖി ഭവാനിലാണ് ടിക്കറ്റ് നറുക്കെടുപ്പ് എന്ന് കാണിച്ചിരുന്നു. സമ്മാനം ലഭിച്ചു എന്ന അറിയിപ്പും ഇയാൾക്ക് കിട്ടിയതിനെ തുടർന്ന് സമ്മാനമായ എട്ടുലക്ഷം കിടാനായി ഇയാൾ അവിടെ എത്തിയപ്പോൾ അവർ ലോട്ടറി ഡയറക്ടറേറ്റിലേക്ക് പറഞ്ഞുവിട്ടു. തുടർന്നാണ് തട്ടിപ്പു നടന്ന വിവരം അറിഞ്ഞത്. സമാനമായ രീതിയിൽ നിരവധി പേർക്ക് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :