എ കെ ജെ അയ്യർ|
Last Modified വ്യാഴം, 29 ജൂണ്‍ 2023 (12:34 IST)
പാലക്കാട്: റിസർവ് ബാങ്ക് പിൻവലിച്ച 2000 ന്റെ നോട്ടുകൾ മാറ്റി നൽകാം എന്ന് പറഞ്ഞു പണം തട്ടുന്ന സംഘത്തിലെ ആളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഒട്ടംഛത്രം സ്വദേശിയും തമിഴ്‌നാട് മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ശരവണവേലൻ എന്ന 42 കാരനാണ്
കസബ പോലീസിന്റെ പിടിയിലായത്.
കഞ്ചിക്കോട് സ്വദേശിയായ അജിത് എന്ന കാപ്പ കേസ് പ്രതിയെ പിടികൂടാനായി കസബ പോലീസ് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് നോട്ടു തട്ടിപ്പിൽ പണം തട്ടിയെടുക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത ശരവണവേലനെയും പോലീസ് പിടികൂടിയത്. ഇയാൾ 2011 ബാച്ച് തമിഴ്‌നാട് പോലീസ് ഹെഡ് കോൺസ്റ്റബിളായിരുന്നു. പിന്നീട് എസ്.ഐ ആയി. എന്നാൽ ഒരു വര്ഷം മുമ്പ് ഇയാളെ അഴിമതിയുടെ പേരിൽ വിജിലൻസ് പിടികൂടുകയും സർക്കാർ ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടുകയുമായിരുന്നു.
എസ്.ഐ ആണെന്ന് പരിചയപ്പെടുത്തുകയും ഐ.ഡി കാർഡ് ഉപയോഗിച്ചുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത് കൂടാതെ ഇയാളുടെ കാറിലെ നമ്പർ പ്ളേറ്റിൽ പോലീസ് ബോർഡും വച്ചിരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലായിരുന്നു തട്ടിപ്പ് പ്രവർത്തനം. 2000 രൂപയുടെ നൊട്ടിനു പകരം 500 രൂപാ നോട്ടു നൽകാമെന്നും ഇതിനു കമ്മീഷൻ തരണമെന്നുമായി പറഞ്ഞു പലരിൽ നിന്നും ഇയാൾ പണം വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു രീതി. ഇതുമായി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.