രേണുക വേണു|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:24 IST)
പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവുനായകളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. നാളെ ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് കേരളത്തിന്റെ അപേക്ഷ. തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അക്രമകാരികളായ തെരുവുനായ്ക്കളേയും പേപ്പട്ടികളേയും കൊല്ലാം. സാധാരണഗതിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുമ്പോള്‍ രോഗവ്യാപികളായ മൃഗങ്ങളെ കൊല്ലുന്ന നടപടിക്രമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പേപ്പട്ടിയുടെയും തെരുവുനായ്ക്കളുടെയും കാര്യത്തില്‍ കേന്ദ്രചട്ടം നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ കൊല്ലാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി അക്രമകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്നും കേരളം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.