സ്വർണ്ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, 1 കിലോ കടത്താൻ 1000 ഡോളർ നൽകിയെന്ന് സ്വപ്നയുടെ മൊഴി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 25 ജൂലൈ 2020 (10:52 IST)
തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴിയുള്ള സ്വർണ്ണക്കടത്ത് യുഎഇ കോൺസലേറ്റിലെ അറ്റാഷെയുടെ അറിവോടെ എന്ന് മൊഴി നൽകി സ്വപ്ന സുരേഷ്. സ്വർണക്കടത്തിൽ അറ്റാഷെയ്ക്ക് പങ്കുണ്ട് എന്നും ഒരു കിലോ കടത്താൻ 1000 ഡോളർ നൽകി എന്നുമാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. അറ്റാഷെയുടെ നിർദേശപ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുനൽകാൻ ആവശ്യപ്പെട്ടത് എന്ന് നേരത്തെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിലും സ്വപ്ന വ്യക്തമാക്കിയിരുന്നു.

നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തിൽ അറ്റാഷെയ്ക്ക് കൃത്യമായ വിഹിതം പ്രതിഫലമായി നൽകിയിരുന്നു എന്ന് പ്രതികളായ സരിത്തും സന്ദീപ് നായരും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്തിൽ അറ്റാഷെയുടെ പങ്ക് സംശയമുണ്ട് എന്നും അറ്റാഷെയെ ചോദ്യം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വിക്കരിയ്ക്കണം എന്നും നേരത്തെ തന്നെ അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിദേശകാര്യ മന്ത്രാലയം അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി യുഎഇയ്ക്ക് കത്ത് നൽകിയിരുന്നു എങ്കിലും ഈ കത്തിൽ യുഎഇ പ്രതികരിയ്ക്കാൻ തയ്യാറയിരുന്നില്ല. സ്വപ്ന സുരേഷ് അറ്റാഷെയ്ക്ക് എതിരെ മൊഴി നൽകിയ പശ്ചാത്തലത്തിൽ അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും ഊർജ്ജിതമാക്കിയേക്കും. ആരോപണ വിദേയനായ അറ്റാഷെ രാജ്യംവിട്ടത് നേരത്തെ വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :