മീന്‍ കുളത്തിനായി നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം, പിന്നെയും കുഴിച്ചപ്പോള്‍ പലയിടത്തായി മൃതദേഹാവശിഷം; ഞെട്ടി പൊലീസ്, സിനിമാ കഥ പോലെ അടിമുടി ദുരൂഹത

രേണുക വേണു| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (10:55 IST)

കോട്ടയം വൈക്കത്ത് മീന്‍ കുളത്തിനായി നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തി. ഇതേ സ്ഥലത്തുനിന്ന് പിന്നീട് കുഴിച്ചപ്പോള്‍ കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങളും ലഭിച്ചു. വൈക്കം ചെമ്മനത്തുകരയിലാണ് മത്സ്യക്കുളത്തിനായി കുഴിച്ച സ്ഥലത്തുനിന്ന് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ അസ്ഥി കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിര്‍ണയം, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം. വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പ്രദേശത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായവരുടെ പട്ടിക തയ്യാറാക്കുകയാണ് പൊലീസ്. എന്നാല്‍, കുഴിയെടുത്ത സ്ഥലത്തിന് അടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോ എന്ന സംശയം പൊലീസിനുണ്ട്.

അസ്ഥികൂടത്തിന്റെ പഴക്കം നിര്‍ണയിച്ച് കഴിഞ്ഞാല്‍ ആ കാലയളവില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കി കൂടുതല്‍ അന്വേഷണം നടത്തും. വര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും പൊലീസിനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :