എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 30 ഡിസംബര്‍ 2020 (08:47 IST)
വര്‍ക്കല: പ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. എണ്‍പത്തിയെട്ടാമത്തെ ശിവഗിരി തീര്‍ത്ഥാടനമാണ് ഇന്ന് തുടങ്ങിയത്. ഡിസംബര്‍ 30, 31, 2021 ജനുവരി ഒന്ന് തീയതികളിലാണ് ശിവഗിരി തീര്‍ത്ഥാടനത്തില്‍ പ്രധാന ദിവസങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ വ്രത ശുദ്ധിയോടെ പീതാംബര ധാരികളായ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഈ തീര്‍ത്ഥാടനം ഇത്തവണ വെര്‍ച്വലായാണ് നടക്കുന്നത്.
ഇന്ന് വെളുപ്പിന് ശാരദാ മഠത്തിലും മഹാസമാധിയിലും സന്ന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ നപ്രത്യേക പൂജകള്‍ നടന്നു. പിന്നീട് ഏഴു മണിയോടെ ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തും. തുടര്‍ന്ന് മറ്റു പരിപാടികളും നടക്കും.
ഭക്തിസാന്ദ്രമായ ശിവഗിരിയില്‍ ഇത്തവണ ദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം ലഭിക്കുക. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം എന്നാണ് നിബന്ധന. പ്രവര്‍ത്തനം രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ്. കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ അന്നദാനമോ താമസ സൗകര്യങ്ങളോ ഉണ്ടായിരിക്കില്ല.
ശിവഗിരിയിലെ തീര്‍ത്ഥാടക പ്രവാഹത്തിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഗുരുവരുള്‍ പ്രകാരമുള്ള തീര്‍ത്ഥാടനങ്ങള്‍ ഡിസംബര്‍ ഇരുപത്തഞ്ചു മുതല്‍ ഓണ്‍ലൈനായി നടന്നുവരികയാണ്. ശിവഗിരി യൂട്യൂബ് ചാനല്‍ വഴി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തര്‍ വെര്‍ച്വല്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും.