രേണുക വേണു|
Last Modified ബുധന്‍, 21 ജനുവരി 2026 (19:21 IST)
അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ യു.ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലീഗ് വനിത നേതാവ് ഷിംജിത മുസ്തഫ പിടിയില്‍. വടകര സ്വദേശിയായ ഷിംജിതയെ വടകരയില്‍ തന്നെയുള്ള ബന്ധുവീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയാണ് ആത്മഹത്യ ചെയ്ത ദീപക്.
ഷിംജിതയ്ക്കു ഒളിവില്‍ കഴിയാന്‍ യുഡിഎഫ് നേതാക്കളുടെ സഹായം ലഭിച്ചോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. മുസ്ലിം ലീഗ് നേതാവായ ഷിംജിതയ്ക്കു യുഡിഎഫ് നേതാക്കളുമായി സൗഹൃദമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം മഫ്തിയില്‍ സ്വകാര്യവാഹനത്തില്‍ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പൊലീസ് ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ചയാണ് ഷിംജിതയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ഷിംജിത സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്ന് കണ്ട് ഇവര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.