എസ് ഹർഷ|
Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (09:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്‌റ്റൺ സന്ദർശനവും ഹൗഡി മോദി പരിപാടിയേയും പരാമർശിച്ച് കോൺഗ്രസ് നേതാവ്
ശശി തരൂർ എംപിയുടെ ട്വിറ്റ്. മോദിയെ കുറിച്ച് എന്തെഴുതിയാലും വിവാദമാകുന്ന സാഹചര്യത്തിൽ പതിവു പോലെ തരൂരിന്റെ ഈ ട്വീറ്റും വിവാദമായി.
മോദിക്ക് കിട്ടിയതിനേക്കാൾ വലിയ സ്വീകരണം 1954 ൽ അമേരിക്കയിൽ നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും കിട്ടിയെന്നു സൂചിപ്പിക്കാൻ തരൂർ ഉപയോഗിച്ച ഫോട്ടോ സോവിയറ്റ് യൂണിയൻ സന്ദർശന വേളയിലുള്ളതായിരുന്നു. മാത്രമല്ല, ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ ഇന്ദിര ഗാന്ധിയെന്നതിനുപകരം ഇന്ത്യ ഗാന്ധിയെന്നാണ് വന്നത്. ഇതോടെ തരൂർ ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ് കിട്ടിയത്.
സോഷ്യൽ മീഡിയയിൽ തരൂരിന് പരിഹാസ കമന്റുകൾ നിറഞ്ഞു. 1955ൽ നെഹ്‌റുവും മകൾ ഇന്ദിരയും സോവിയറ്റ് യൂണിയൻ സന്ദർശിച്ച വേളയിലുള്ള ചിത്രമാണ് അമേരിക്കൻ സന്ദർശനമെന്ന തരത്തിൽ തരൂരിന് ആരോ അയച്ചുകൊടുത്തത്. അബദ്ധം തിരിച്ചറിഞ്ഞ തരൂർ ചിത്രം മാറിയെങ്കിലും താൻ ഉദ്ദേശിച്ച കാര്യം തെളിയിക്കാനായല്ലോ എന്ന് വീണ്ടും വിശദീകരണക്കുറിപ്പിട്ടു. ഇതോടെ ഇതിനും വൻ കമന്റുകളാണ് വരുന്നത്.