അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ഏപ്രില്‍ 2021 (14:18 IST)
മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ പിതാവ് സനു മോഹനെ കർണാടകയിൽ നിന്നും പിടികൂടി.കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്നാണ്
കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
കൊല്ലൂർ മൂകാമ്പികയിലെ ലോഡ്‌ജിൽ നിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. കൊല്ലൂരിൽ ഇയാൾ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞെന്നാണ് വിവരം. ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. സനുവിന് വേണ്ടി അന്വേഷണം നടത്തിയെങ്കിലും സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.