സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 നവംബര്‍ 2024 (11:46 IST)
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍. കൂടാതെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. സുരേന്ദ്രന്‍ രാജിവയ്ക്കാതെയോ പുറത്തുപോകാതെയോ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കേരളത്തില്‍ രക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ തന്നെ സുരേന്ദ്രന്‍ രാജിവെക്കാതിരിക്കാനാണ് എന്റെ ആഗ്രഹമെന്നും സന്ദീപ് പറഞ്ഞു.
അതേസമയം പാലക്കാട് ചെറിയ ലീഡില്‍ മുന്നിട്ടു നിന്നിരുന്ന ശ്രീകൃഷ്ണകുമാറിനെ പിന്തള്ളി രാഹുല്‍ മാങ്കൂട്ടം ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍കളിലും ആദ്യ റൗണ്ടിലും ബിജെപി സ്ഥാനാര്‍ത്ഥി സി ശ്രീകൃഷ്ണകുമാര്‍ മുന്നിട്ടു നിന്നിരുന്നു. ബിജെപിക്ക് മുന്‍തൂക്കമുള്ള നഗരസഭയിലെ വോട്ടുകളായിരുന്നു ആദ്യം എണ്ണിയത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ എത്തിയപ്പോള്‍ യുഡിഎഫ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
ഇത്തവണ പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ ശ്രീധരന്‍ ഉണ്ടാക്കിയ മികച്ച പ്രകടനം ശ്രീകൃഷ്ണകുമാറിന് കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കാണ് പോയതെന്നാണ് കണക്കാക്കുന്നത്.