സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

ബിജെപിയില്‍ ആയിരിക്കെ കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സന്ദീപ് വാരിയര്‍

Sandeep Varrier
Sandeep Varrier
രേണുക വേണു| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2024 (07:44 IST)

സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. സന്ദീപ് കടുത്ത വര്‍ഗീയവാദിയാണെന്നും ഭാവിയില്‍ കോണ്‍ഗ്രസിനു ബാധ്യതയാകുമെന്നും പാലക്കാട്ടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടു. സന്ദീപ് എത്തിയത് പാലക്കാട് നിര്‍ണായകമായ പല വോട്ടുകളും നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ജില്ലയിലെ ഒരു വിഭാഗം പറയുന്നു.

ബിജെപിയില്‍ ആയിരിക്കെ കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സന്ദീപ് വാരിയര്‍. മുസ്ലിങ്ങള്‍ക്കെതിരെ പലപ്പോഴും തരംതാണ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ വടകര എംപിയുമായ ഷാഫി പറമ്പിലിനെ താലിബാന്‍ എംപി എന്നു പോലും സന്ദീപ് വിളിച്ചിട്ടുണ്ട്. ഇങ്ങനെയൊരു തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനെ കോണ്‍ഗ്രസില്‍ എടുക്കുന്നത് ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് കാരണമാകുമെന്നാണ് സന്ദീപിനെ എതിര്‍ക്കുന്നവരുടെ നിലപാട്. ചില നേതാക്കളും പ്രവര്‍ത്തകരും സന്ദീപിന്റെ വരവിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു.

പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കു പോയപ്പോള്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള സന്ദീപ് വാരിയറെ മാലയിട്ട് സ്വീകരിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരും. ഇടതുപക്ഷം പാലക്കാട് ഇത് ആയുധമാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ദീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതായിരുന്നു ഉചിതം. വോട്ടിനു വേണ്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ വിരുദ്ധ ചിന്താഗതിയുള്ള ആളുകളോടു ഐക്യപ്പെടുകയാണെന്ന തരത്തിലും വിമര്‍ശനം ഉയര്‍ന്നേക്കാം. സന്ദീപിനെ തിടുക്കത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കിയത് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :