അപർണ|
Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (17:47 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ പൊലീസ് കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1407 പേർ അറസ്റ്റിലായി. 258 കേസുകൾ റജിസ്റ്റര്‍ ചെയ്തു.. പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൂടുതൽ അറസ്റ്റ് നടന്നിരിക്കുന്നത്.
210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും.
എറണാകുളത്ത് നിന്ന് മാത്രമായി 200ലധികം ആളുകളെയും കോഴിക്കോട് തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നും 80ലധികം ആളുകളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരൽ, നിരോധനാഞ്ജ ലംഘിക്കല്‍
തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ചിത്രം റെയില്‍വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി.
തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്. തയ്യാറാക്കിയ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി.