ശബരിമലയില്‍ തിരക്ക് കുറഞ്ഞു; ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ദര്‍ശനം

തെലങ്കാന തിരഞ്ഞെടുപ്പ്, ചെന്നൈ വെള്ളപ്പൊക്കം എന്നിവയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അസാധാരണമായ തിരക്കിനു കാരണമെന്നാണ് വിലയിരുത്തല്‍

രേണുക വേണു| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (14:02 IST)

ശബരിമലയില്‍ കഴിഞ്ഞ നാല് ദിവസമായി കണ്ടുവരുന്ന തിരക്ക് കുറഞ്ഞു തുടങ്ങി. ഇന്ന് രാവിലെ മുതല്‍ സന്നിധാനത്ത് വലിയ തിക്കും തിരക്കും ഇല്ലാതെ ഭക്തര്‍ക്ക് ദര്‍ശനത്തിനു അവസരം ലഭിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി തൊണ്ണൂറായിരത്തോളം ഭക്തര്‍ ശബരിമല ദര്‍ശനത്തിനായി എത്തിയെന്നാണ് വിവരം. ഇന്നത് എണ്‍പതിനായിരത്തേക്കാള്‍ കുറവാണ്.

തെലങ്കാന തിരഞ്ഞെടുപ്പ്, ചെന്നൈ വെള്ളപ്പൊക്കം എന്നിവയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അസാധാരണമായ തിരക്കിനു കാരണമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനും വെള്ളപ്പൊക്കത്തിനും ശേഷം തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരുടെ ഒഴുക്കാണ് കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായത്. അതോടൊപ്പം വാരാന്ത്യം കാരണം കേരളത്തില്‍ നിന്നും നിരവധി ഭക്തര്‍ ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനു എത്തി. അസാധാരണമായ തിരക്ക് വന്നതോടെ ദേവസ്വം ബോര്‍ഡിനും പൊലീസിനും ആളുകളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി.

ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 1,20,000 ഭക്തര്‍ ശബരിമലയില്‍ ഓരോ ദിവസവും ദര്‍ശനം നടത്തി. ചെന്നൈയിലെ വെള്ളപ്പൊക്കവും തെലങ്കാനയിലെ തിരഞ്ഞെടുപ്പും കാരണം ഈ ദിവസങ്ങളില്‍ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്ത് ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണയായി പതിനെട്ടാം പടിയില്‍ ഒരു മണിക്കൂറില്‍ 4,200 പേര്‍ക്കാണ് ദര്‍ശനം നടത്താന്‍ സാധിക്കുക. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടി കയറാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. അതുകൊണ്ട് വെര്‍ച്വല്‍ ക്യൂ 80,000 ആക്കി കുറച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :