ശബരിമല ശ്രീധര്‍മ്മശാസ്താവിന് ഇന്ന് ആറാട്ട്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (09:30 IST)
ശബരിമല: പൈങ്കുനി ഉത്രം ഉത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മ്മശാസ്താവിനു ഇന്ന് ആറാട്ട് നടക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പമ്പയിലാണ് ആറാട്ട് നടക്കുക. ഇന്ന് രാത്രി പത്തുമണിക്ക് ഒമ്പതാം ഉത്സവം പ്രമാണിച്ചു ശരംകുത്തിയില്‍ പള്ളിവേട്ടയും നടക്കും. ഇതിനു മുന്നോടിയായി എട്ടു മണിക്ക് ശ്രീഭൂതബലി ചടങ്ങുകളും തുടങ്ങും.

പള്ളിവേട്ടയ്ക്കായി ഏറ്റവും മുമ്പില്‍ അമ്പും വില്ലും ഇന്ത്യ വേട്ടക്കുറുപ്പും പിന്നാലെ തന്ത്രിയും മേല്‍ശാന്തിയും പരിവാരങ്ങളും ശരംകുത്തിയിലേക്ക് പോകും. പള്ളിവേട്ടയ്ക്ക് കാര്‍മികത്വം വഹിക്കുന്നത് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആണ്.

നാളെ ആറാട്ടായതിനാല്‍ നെയ്യഭിഷേകവും ദര്‍ശനവും കുറച്ചു സമയം മാത്രമാവും ഉണ്ടാവുക. പുലര്‍ച്ചെ അഞ്ചു മണിക്ക് പള്ളിയുണര്‍ത്താല്‍ ശ്രീകോവിലിനു പുറത്താണുണ്ടാവുക. ദര്‍ശനം ഒമ്പതുവരെയും നെയ്യഭിഷേകം ഏഴു മണിവരെയും മാത്രമേ ഉണ്ടാവുകയുള്ളു.

ശ്രീനട അടച്ചശേഷമാണ് ആറാട്ടിന് പോവുക. ഗണപതി കോവിലിനു താഴെ പമ്പാ നദിയിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ട് കഴിഞ്ഞു സന്ധ്യയോടെ തിരികെ എത്തുന്നതുവരെ ദര്‍ശനം ഉണ്ടാവില്ല. ഇതിനു ശേഷം നടക്കുന്ന ഉത്സവകാല പൂജകള്‍ കഴിഞ്ഞു വൈകിട്ട് ഏഴു മണിക്ക് കൊടിയിറക്കം നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :