Sumeesh|
Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (12:12 IST)
ശബരിമല സ്ത്രീ പ്രവേശനത്തിലെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് സുപ്രീം കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാനായി റിപ്പോർട്ട് നൽകാനുള്ള തീരുമാനത്തിൽനിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവാങ്ങി. നിലവിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളതെന്ന് ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനുണ്ട്. തന്ത്രിയെ മാറ്റാനുള്ള അവകാശം ദേവസ്വം ബോർഡിനില്ലെങ്കിൽ മോഹനരെ എങ്ങനെ മാറ്റി എന്ന് ശങ്കരദാസ് ചോദിച്ചു. ചട്ടം ലംഘിച്ച് പ്രതിഷേധിച്ചവർക്കെതിരെ നടപയുയെടുക്കുന്നകാര്യം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം
ബോർഡ് അംഗം വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്നും ഇതിനായി സുപ്രീം കോടതിയിൽ ഇടപെടൽ നടതുമെന്നുമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ നേരത്തെ സ്വീകരിച്ച നിലപാട്. എന്നാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.