ഇരുട്ടത്തിരിക്കാന്‍ തയ്യാറായിക്കൊള്ളു, കേരളം പവര്‍കട്ടിലേക്ക്

കേരളം, കെ‌എസ്‌ഇബി, വൈദ്യുതി, നിരക്ക് വര്‍ധന
തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (13:14 IST)
സംസ്ഥാനം അതിരൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി മറികടക്കാന്‍ പവര്‍കട്ടും നിരക്കു വര്‍ധനവും ഉള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് കെ‌എസ്‌ഇബി നീങ്ങുന്നുവെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമായ വൈദ്യുതി കൊണ്ടുവരാന്‍ ആവശ്യമായ ലൈനുകള്‍ ഇല്ലാത്തതാണ് പ്രശ്നമാണ്. ഇതിനെ മറികടക്കാന്‍ ഉയര്‍ന്ന നിരക്കില്‍ താപ നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനാലാണ് നിരക്ക് വര്‍ധനവ് ആവശ്യപ്പെടാ‍ന്‍ കെ‌എസ്‌ഇബി തയ്യാറെടുക്കുന്നത്.

കൂടംകുളത്തുനിന്നും വൈദ്യുതി ലഭിക്കാത്തതും,കേരളത്തിനുള്ളിലേക്ക്‌ വൈദ്യുതി കൊണ്ടുവരാനുള്ള ഇടമണ്‍ -കൊച്ചി ലൈനിന്റെയും, മൈസൂര്‍-അരീക്കോട്‌ ലൈനിന്റെയും പണി പൂര്‍ത്തിയാകാത്തതുമാണു പ്രതിസന്ധിക്കു കാരണം. ലൈനുകള്‍ ഇല്ലാത്തതിനു പുറമേ കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും പ്രശ്‌നം വഷളാക്കിയിട്ടുണ്ട്‌. ആന്ധ്രയില്‍ 16,000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഗ്യാസ്‌ അധിഷ്‌ഠിത സ്‌റ്റേഷനുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഗ്യാസിനു വിലകൂടിയതിനാല്‍ ഇവയിലൊന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. ഇതും പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്‌.

ഇതുസംബന്ധിച്ച നിവേദനം ഈയാഴ്‌ച്ച റഗുലേറ്ററി കമ്മിഷനു നല്‍കുമെന്നു കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. പുറത്തുനിന്നുള്ള വൈദ്യുതിക്ക്‌ യൂണിറ്റിന്‌ അഞ്ച്‌ രൂപയാണെങ്കില്‍ കായംകുളം വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 13 രൂപവരെയാണു വില. കായംകുളം വൈദ്യുതി വാങ്ങിയതിലൂടെ ബോര്‍ഡിന്‌ ഈ സാമ്പത്തിക വര്‍ഷം 3,000 കോടിരൂപയുടെ ബാധ്യത ഉണ്ടായിട്ടുണ്ട്‌.പുറത്തുനിന്നും താപവൈദ്യുതി വാങ്ങിയതിലുള്ള നഷ്‌ടം നികത്താന്‍ സര്‍ചാര്‍ജ്‌ ഈടാക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞയാഴ്‌ച കെഎസ്‌ഇബി മറ്റൊരു നിവേദനവും കമ്മിഷനു സമര്‍പ്പിച്ചിരുന്നു.

ഇപ്പോഴത്തെ ലോഡ്‌ ഷെഡിംഗിന്‌ പുറമേ പവര്‍കട്ടും ഏര്‍പ്പെടുത്തുക. ഇപ്പോഴത്തെ നിരക്കില്‍ എത്ര യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കാമെന്ന് നിശ്ചയിച്ച ശേഷം അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുക, അല്ലെങ്കില്‍ എല്ലാ വിഭാഗത്തിനും വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കെ‌എസ്‌ഇബി കമ്മീഷനു മുനില്‍ സമര്‍പ്പിക്കാന്‍ പോകുന്നത്.

സാധാരണ രീതിയില്‍ മാര്‍ച്ച്‌ മാസത്തിലാണു നിരക്ക്‌ വര്‍ധനയുമായി ബന്ധപ്പെട്ട ആവശ്യം കെഎസ്‌ഇബി സമര്‍പ്പിക്കുന്നത്‌. അത്‌ ഇത്തവണ നേരത്തെയാക്കാനാണ്‌ ആലോചന. ഈ രണ്ട്‌ നിര്‍ദേശങ്ങളും കെഎസ്‌ഇബി സര്‍ക്കാരിനു സമര്‍പ്പിക്കും. മന്ത്രിസഭ ചര്‍ച്ചചെയ്‌തശേഷമായിരിക്കും റഗുലേറ്ററി കമ്മിഷനു നിവേദനം നല്‍കുക. വൈദ്യുതി പ്രതിസന്ധിക്കൊപ്പം ധനപ്രതിസന്ധിയും രൂക്ഷമായതിനാല്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്നാണ് കെഎസ്‌ഇബി പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :