പന്ന്യന് സിപി‌എമ്മിന്റെ മറുപടി; ‘75 ആഘോഷിക്കാന്‍ 50-നെ അധിക്ഷേപിക്കണോ?

തിരുവനന്തപുരം| Last Updated: വ്യാഴം, 23 ഒക്‌ടോബര്‍ 2014 (11:40 IST)
കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്‌ നിര്‍ഭാഗ്യകരമാണെന്ന സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ കത്തിന്‌ സിപിഎമ്മിന്റെ മറുപടി. ദേശാഭിമാനി പ്രസിദ്ധീകരിച്ച 75 ആഘോഷിക്കാന്‍ 50-നെ അധിക്ഷേപിക്കണോ? എന്ന ലേഖനത്തിലാണ് മറുപടി. അങ്ങിനെയൊരു പിളര്‍പ്പ്‌ ഉണ്ടായിരുന്നില്ലെങ്കില്‍ മാര്‍ക്‌സിസവും ലെനിനിസവും അടിസ്‌ഥാനമാക്കി വര്‍ഗസമര സിദ്ധാന്തം മുറുകെ പിടിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളി വിപ്ലവ പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാവുമായിരുന്നില്ല എന്ന്‌ ലേഖനം വ്യക്തമാക്കുന്നു. സിപിഎം അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത്‌ സിപിഐ സംസ്‌ഥാന സെക്രട്ടറിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. അതിനെ അധിക്ഷേപിക്കാനാണ്‌ ശ്രമമെന്നും വി വി ദക്ഷിണാമൂര്‍ത്തി എഴുതിയ ദേശാഭിമാനി ലേഖനത്തില്‍ പറയുന്നു.

സിപിഐയുടെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിനെ കുറിച്ച്‌ പന്ന്യന്‍ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ക്ക്‌ അയച്ച കത്ത്‌ നവയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്‌ ലേഖനം പ്രസിദ്ധീകരിക്കാന്‍ പ്രേരണയായത്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നത്‌ ദൗര്‍ഭാഗ്യമായിപ്പോയി എന്നും ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഇന്ത്യയിലെ വലിയ ശക്‌തിയാവുമായിരുന്നു. അന്നത്തെ പിളര്‍പ്പ്‌ എന്ന ദുരന്തത്തിന്‌ അമ്പത്‌ വയസായി എന്നും പന്ന്യന്റെ കത്തില്‍ പറഞ്ഞതാണ്‌ സിപിഎമ്മിനെ ചൊടിപ്പിച്ചത്‌.

സിപിഐ ചെയര്‍മാനായിരുന്ന ഡാങ്കെയെ നിശിതമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നു‌. ഡാങ്കെ മകള്‍ റോസാ ദേശ്‌പാണ്‌ഡെയുമായി ചേര്‍ന്ന്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചതും 1920 കളില്‍ ജയിലില്‍ കഴിയവെ ബ്രിട്ടീഷുകാരോട്‌ മാപ്പപേക്ഷിച്ച്‌ എഴുതിയ കത്ത്‌ പുറത്തുവന്നതും മറച്ചു വയ്‌ക്കേണ്ട കാര്യമില്ല.

കത്ത്‌ എഴുതിയത്‌ ഡാങ്കെയാണെങ്കില്‍ ചെയര്‍മാന്‍ സ്‌ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ല എന്നാണ്‌ 32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍ വാദിച്ചത്‌. ഇതിനെ സ്വേച്‌ഛാധിപത്യപരമായ രീതിയില്‍ അടിച്ചമര്‍ത്താനാണ്‌ ശ്രമം നടന്നത്‌. ഡാങ്കേയുടെ ഏകാധിപത്യമാണ്‌ 1964 ല്‍ പാര്‍ട്ടി പിളരാന്‍ കാരണം. അതില്ലായിരുന്നെങ്കില്‍ വലതുപക്ഷ അവസരവാദിയായ ഡാങ്കെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുമായി കൂട്ടൂചേര്‍ന്ന്‌ ഭരണം നടത്തി ഇന്ത്യയിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ അപ്പാടെ തകര്‍ക്കുമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്‌.

ഇന്ത്യ-ചൈന സംഘര്‍ഷ കാലത്ത്‌ ഡാങ്കെയും കൂട്ടരും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക്‌ ചേര്‍ന്ന രീതിയിലാണോ പ്രവര്‍ത്തിച്ചത്‌ എന്നും ലേഖനത്തില്‍ ചോദിക്കുന്നു. ചൈന ചാരന്‍മാരെന്ന്‌ ആരോപിച്ച്‌ നൂറുകണക്കിന്‌ സഖാക്കന്‍മാരെ ജയിലിലടച്ചപ്പോള്‍ അവരുടെ മോചനത്തിനായി ഡാങ്കെ ഒന്നും ചെയ്‌തില്ലെന്നും സഖാക്കന്‍മാരെ അനാവശ്യമായി തടങ്കലില്‍ വയ്‌ക്കുന്നതിനെതിരെ സഖാവ്‌ ഇഎംഎസ്‌ പാര്‍ട്ടി മുഖമാസികയായ ന്യൂഏജിന്‌ നല്‍കിയ ലേഖനം പോലും തടഞ്ഞുവച്ചുവെന്നും ദേശാഭിമാനി ലേഖനത്തില്‍ പറയുന്നു.

അടുത്ത പേജില്‍: ലേഖനത്തിന്റെ പൂര്‍ണരൂപം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :