റേഷന്‍ വിതരണം: സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ബാന്‍ഡ് വിഡ്ത് 100 Mbps ആക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മാര്‍ച്ച് 2023 (17:58 IST)
സംസ്ഥാനത്തെ റേഷന്‍ പൊതുവിതരണ സമ്പ്രദായത്തില്‍ അനുഭവപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി റേഷന്‍ വിതരണത്തിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ
ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ് വിഡ്ത് ശേഷി 100 Mbps ആയി
വര്‍ധിപ്പിക്കും. നിലവില്‍ 20 Mbps ശേഷിയുളള ബാന്‍ഡ് വിഡ്ത് 60 Mbps ശേഷിയിലേക്കും മാര്‍ച്ച് 20 മുതല്‍ 100 Mbps ശേഷിയിലേക്കും ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി.

റേഷന്‍ വിതരണത്തിലെ തകരാറുകള്‍ സംബന്ധിച്ച് എന്‍.ഐ.സി ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, സി-ഡാക്, ബി.എസ്.എന്‍.എല്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

ബി.എസ്.എന്‍.എല്ലിന്റെ കുറഞ്ഞ ബാന്‍ഡ് വിഡ്ത് ശേഷിയുമായി ബന്ധപ്പെട്ട് ഏകദേശം 65000ത്തോളം തകരാറുകള്‍ കണ്ടെത്തിയതായി ഭക്ഷ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. എന്‍.ഐ.സി ഹൈദരാബാദ് നല്‍കി വരുന്ന AePDS
സോഫ്‌റ്റ്വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മാറും. ഈ രണ്ട് തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകള്‍ ഭൂരിഭാഗവും പരിഹരിക്കാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :