എ കെ ജെ അയ്യര്|
Last Modified വ്യാഴം, 23 സെപ്റ്റംബര് 2021 (21:54 IST)
തിരുവനന്തപുരം: മാനഭംഗ കേസ് ഒതുക്കുന്നതിനു വൻ തുക പ്രതിഫലമായി വാങ്ങിയെന്ന കേസിൽ പോലീസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്. പോലീസിനെതിരെ ആദ്യമായാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസിലെ നാല് പേർക്കെതിരെയാണ് കേസ്. തൃശൂർ കൊടകരയിലെ പൊതു പ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മകൻ പ്രതിയായ മാനഭംഗ കേസ് ഒതുക്കാനായി ക്വാറി ഉടമയിൽ നിന്ന് പണം വാങ്ങി എന്നാണു പരാതി. പരാതിയെ തുടർന്ന് എറണാകുളത്തെ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ സുരേഷ് കുമാർ, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതിജോർജ്ജ്, കൊടകര
എസ്.എച്ച്.ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്.
മാനഭംഗ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് തുടർന്ന് യുവതി ഹൈക്കോടതിയിൽ കേസ് നൽകി. എന്നാൽ പരാതിക്കാരിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും പണം തട്ടാൻ കേസ് കെട്ടിച്ചമച്ചു എന്നും ഇതിനായി പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതാണ് പോലീസ് ഉദ്യോഗസ്ഥർക്ക് വിനയായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ ഒത്തു കളിച്ചെന്നും വൻ തുക കൈപറ്റി എന്നും വെളിപ്പെട്ടത്.
എന്നാൽ ചാലക്കുടി ഡി.വൈ.എസ്.പി പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി നേരത്തെ അന്വേഷിച്ചിരുന്നു. പക്ഷെ ഇവർ കുറ്റക്കാരല്ലെന്ന റിപ്പോർട്ടാണ് നൽകിയത്. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ്
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ നൽകിയത്.