അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (10:22 IST)
പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ
ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി.ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ നേരത്തെ ശ്രീകാന്ത് വെട്ടിയാറിന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നുമാണ് ഹർജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.