വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്: വീട്ടമ്മ മരിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (14:36 IST)
യുവതി വാട്‌സ്ആപ്പിൽ ഷെയർ ചെയ്‌ത സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിലും വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മ കൊല്ലപ്പെട്ടു.മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10ന് ആണ് സംഭവം.

കൊല്ലപ്പെട്ട ലീലാവതി ദേവി പ്രസാദിന്റെ (48) മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രീതിയുടെ സുഹൃത്തും അയൽക്കാരിയുമായ 17 കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്.

പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇത് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീളുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൊല്ലപ്പെട്ട ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വീട്ടിൽ അതിക്രമിച്ച് കടന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 17കാരിയായ അയല്‍ക്കാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും എതിരെയും കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :