യുവതിയെ ഹെൽത്ത് ഇൻസ്പെക്‌ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ്: ലൈംഗിക ബന്ധം സമ്മതപ്രകാരം; യുവതിയ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2021 (19:06 IST)
കൊച്ചി: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പ്ച്ചെന്ന കേസിൽ വഴിത്തിരിവ്. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോർട്ടിനെ തുടർന്ന് യുവതിയ്ക്കെതിരെയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ എന്ന വ്യാജേന വിളിച്ചുവരുത്തി തന്നെ കെട്ടിയിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു കൊല്ലം കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിനെതിരായ കേസ്. ഇതോടെ ആരോഗ്യ വകുപ്പ് പ്രദീപ് കുമാറിനെ പിരിച്ചുവിട്ടിരുന്നു.

എന്നാൽ പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന പരാതിക്കാരിയുടെ സത്യവാങ്‌മൂലത്തെ തുടർന്ന് പ്രതീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് യുവതിയുടെ സത്യവാങ്‌മുലത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസ് വ്യാജമാണെന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്. പരാതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കൊടതി നിരീക്ഷിച്ചു. ബന്ധുക്കൾ നിർബന്ധിച്ചതുകൊണ്ടാണ് പീഡന പരാതി നൽകിയത് എന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ഇത് വായിച്ചപ്പോൾ അത്ഭുതം തോന്നി എന്നും കോടതി പറഞ്ഞു. തുടർന്ന് അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :