രേണുക വേണു|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (14:29 IST)
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴം രാവിലെ 11 മണിവരെയാണ് കസ്റ്റഡിയില്‍വിട്ടത്.
അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതി അറിയിച്ചു. പിടിച്ചെടുത്ത ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കുന്നില്ലെന്നും മൊബൈല്‍ ഫോണും കൈമാറാന്‍ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ ആവശ്യം തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.
ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്ത കേസില്‍ 11 ദിവസമായി ജയിലിലാണ് രാഹുല്‍ ഈശ്വര്‍. ജയിലില്‍ നിരാഹാര സമരം ചെയ്തിരുന്ന രാഹുല്‍ പിന്നീട് അത് നിര്‍ത്തി. ഡോക്ടറുടെ നിര്‍ദേശാനുസരണം ആണ് നിരാഹാരം അവസാനിപ്പിച്ചതെന്നാണ് രാഹുല്‍ പറയുന്നത്.