അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (12:20 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാം ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇന്ന് വിധി വരുന്നത് വരെ മറ്റ് നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിനോട് കോടതി നിര്‍ദേശമുണ്ടായിരുന്നു. വിവാഹ അഭ്യര്‍ഥന നടത്തി രാഹുല്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
താന്‍ കാല് പിടിച്ച് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ കേസില്‍ പരാതിക്കാരിയുടെ മൊഴി. നേരിട്ട് പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യര്‍ഥന നടത്തി. പിന്നീട് വിവാഹ അഭ്യര്‍ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചര്‍ച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന്‍ മുന്‍പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയത്. രാഹുലിന്റെ സുഹൃത്ത് ഫെന്നിയാണ് കാറോടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോല്‍ രാഹുല്‍ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാല് പിടിച്ച് വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ക്രൂരമായ ലൈംഗികാതിക്രമമാണ് നേരിട്ടത്.
മാനസികമായും ശാരീരികമായും തളര്‍ന്നു. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല. രാഹുല്‍ പക്ഷേ പിന്നെയും കാണണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. പരാതിയില്‍ യുവതി പറയുന്നു. തെളിവുകളായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വോയ്‌സ് ക്ലിപ്പുകളും ചാറ്റുകളും പോലീസിന് കൈമാറി. യുവതി കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്.