കേരളയിലെ പ്രോ വൈസ്ചാന്‍സലറുടെ പ്രബന്ധവും കോപ്പിയടി!

പ്രൊ വൈസ് ചാന്‍സലര്‍, പി‌എച്ച്‌ഡി പ്രബന്ധം, കോപ്പിയടി
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (14:01 IST)
ഗവേഷണ പ്രബന്ധങ്ങളുടെ കോപ്പിയടിയില്‍ കുപ്രസിദ്ധരായ കേരള സര്‍വ്വകലാശാലയുടെ പ്രൊ വൈസ് ചാന്‍സലറും പി‌എച്ച്‌ഡി തട്ടികൂട്ടിയത് കോപ്പിയടിച്ചാണ് എന്ന് കണ്ടെത്തി. പ്രോ വൈസ്ചാന്‍സലര്‍ ഡോ. എന്‍.വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം ഭൂരിഭാഗവും കോപ്പിയടിയാണെന്നും അവസാനം കണ്ടെത്തലുകളില്‍ മാത്രമാണ്മിദ്ദേഹം സ്വയം എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗം മേധാവിയാണ് പ്രബന്ധം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ആസ്തമാ രോഗികളുടെ മാനസിക നിലയും പ്രശ്നങ്ങളുമായിരുന്നു ഡോ. എന്‍ വീരമണികണ്ഠന്റെ പഠന വിഷയം. 2009ല്‍ കാലിക്കറ്റ് സര്‍വകലാശാല ഈ വിഷയത്തിലെ പഠനത്തിന് ഡോക്ടറേറ്റ് നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ജെ. ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. എന്നാല്‍ ഗവേഷണ പ്രബന്ധത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് അധ്യായങ്ങളുടെ 60 ശതമാനവും നെറ്റില്‍ നിന്നും മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. സംഭവം ചൂണ്ടിക്കാട്ടി സൈക്കോളജി വിഭാഗം മേധാവി കാലിക്കറ്റ് സര്‍വകലാശാലക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

വാക്കുകളിലോ വാചകങ്ങളിലോ പോലും ഒരു മാറ്റവുമില്ലാതെയാണ് മറ്റുള്ളവരുടെ പ്രബന്ധങ്ങളില്‍ നിന്ന് വീരമണികണ്ഠന്‍ പകര്‍ത്തി എഴുതിയിരിക്കുന്നത്. മൂന്നാമത്തെ അധ്യായത്തില്‍ വിക്കിപീഡിയ, റഫറന്‍സ്.കോം, ബയോനിറ്റി.കോം എന്നിവയില്‍ നിന്നുള്ള ഭാഗങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ആമുഖ അധ്യായത്തിലെ 60 ശതമാനത്തോളം വള്ളിപുള്ളി വിടാതെ പകര്‍ത്തിയിരിക്കുന്നു. രണ്ട്, മൂന്ന് അധ്യായങ്ങളും ഇങ്ങനെ തന്നെ. രണ്ടാമത്തെ അധ്യായത്തില്‍ സിംഹഭാഗവും പോള്‍ലഹറിന്റെ ആസ്ത്മയുടെ മനശാസ്ത്രം എന്ന പ്രബന്ധത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെ എടുത്ത് ചേര്‍ത്തിരിക്കുന്നു.

കൂടാതെ മറ്റ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ ചില പഠനങ്ങളും വീരമണികണ്ഠന്‍ അതേപടി കോപ്പിയടിച്ചിരിക്കുന്നു. നാല് അധ്യായങ്ങളുള്ള ഈ ഗവേഷണ പ്രബന്ധത്തില്‍ 60 ശതമാനത്തിലധികം വിവിധ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്ന് മാറ്റംവരുത്താതെ പകര്‍ത്തിയിരിക്കുകയാണ്. നാലാം അധ്യായമായ കണ്ടെത്തലുകളില്‍ മാത്രമാണ് സ്വന്തം നിലക്ക് വീരമണികണ്ഠന്‍ എന്തെങ്കിലും എഴുതിയിട്ടുള്ളത് എന്നിങ്ങനെയാണ് പ്രോ വൈസ് ചാന്‍സിലര്‍ക്കെതിരെ റിപ്പോര്‍ട്ട് പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :