Praveen Rana Arrest: പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നാട്ടിലെ ഇടപാടുകള്‍ അന്വേഷിക്കുന്നു, പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം

തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു

രേണുക വേണു| Last Modified വ്യാഴം, 12 ജനുവരി 2023 (09:15 IST)

Praveen Rana Arrest:
സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയില്‍ ദേവരായപുരത്തു നിന്നും ഇന്നലെയാണ് പ്രവീണ്‍ റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ പ്രവീണിനെ തൃശൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പ്രവീണിന് നാട്ടിലുള്ള ഇടപാടുകള്‍ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളുമായി പ്രവീണ്‍ റാണയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്കും അന്വേഷണം നീളും.

തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു. ഒരു സാധാരണ കുടുംബത്തില്‍ നിന്ന് പെട്ടന്നാണ് സാമ്പത്തികമായി ഇത്രയേറെ വളര്‍ച്ച കൈവരിച്ചത്. തുടക്കത്തില്‍ എങ്ങനെയാണ് ഇത്രയേറെ സമ്പത്ത് ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ക്ക് പോലും സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ക്കിടയിലും പൊലീസ് രഹസ്യ അന്വേഷണം നടത്തും. പ്രവീണ്‍ റാണയുമായി ബന്ധമുണ്ടായിരുന്ന നാട്ടിലെ രാഷ്ട്രീയ നേതാക്കളേയും സിനിമാ താരങ്ങളേയും ചോദ്യം ചെയ്‌തേക്കും.

ചോദ്യം ചെയ്യലിനു ശേഷം പ്രവീണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്ന് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. ഇയാള്‍ക്ക് ഒളിതാവണം ഒരുക്കിയ പെരുമ്പാവൂര്‍ സ്വദേശിക്ക് വേണ്ടിയും പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തട്ടിപ്പിലൂടെ എത്ര കോടി രൂപ സ്വരൂപിച്ചു, ഇത് എവിടെയെല്ലാം നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :