Praveen Rana: 'ഞാന്‍ പാപ്പരായി, അക്കൗണ്ടില്‍ ഒന്നുമില്ല'; പൊലീസിനോട് പ്രവീണ്‍ റാണ, വിവാഹമോതിരം വിറ്റാണ് ഒളിവില്‍ കഴിഞ്ഞതെന്നും വെളിപ്പെടുത്തല്‍

സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണത്തിനായി പല സുഹൃത്തുക്കളെയും സമീപിച്ചു

രേണുക വേണു| Last Modified വ്യാഴം, 12 ജനുവരി 2023 (10:02 IST)

Praveen Rana: സേഫ് ആന്റ് സ്‌ട്രോങ് തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. താന്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞെന്നും കൈയില്‍ നയാപൈസയില്ലെന്നും പ്രവീണ്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ പാപ്പരാണെന്ന് പ്രവീണ്‍ റാണ തന്നെ പറഞ്ഞെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ തന്റെ വിവാഹമോതിരം വിറ്റ് ലഭിച്ച പണം കൊണ്ടാണ് ഒളിവില്‍ പോയതെന്നും പ്രവീണ്‍ വെളിപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണത്തിനായി പല സുഹൃത്തുക്കളെയും സമീപിച്ചു. എന്നാല്‍ എല്ലാവരും കൈമലര്‍ത്തി. ആരും സഹായിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ ആണ് വിവാഹമോതിരം വിറ്റത്. പൊലീസിനെ പേടിച്ച് പൊള്ളാച്ചിയിലെത്തുമ്പോല്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയായിരുന്നെന്നും റാണ പറയുന്നു.

കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയില്‍ ദേവരായപുരത്തു നിന്നും ഇന്നലെയാണ് പ്രവീണ്‍ റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ പ്രവീണിനെ തൃശൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പ്രവീണിന് നാട്ടിലുള്ള ഇടപാടുകള്‍ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളുമായി പ്രവീണ്‍ റാണയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്കും അന്വേഷണം നീളും.

തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു. ഒരു സാധാരണ കുടുംബത്തില്‍ നിന്ന് പെട്ടന്നാണ് സാമ്പത്തികമായി ഇത്രയേറെ വളര്‍ച്ച കൈവരിച്ചത്. തുടക്കത്തില്‍ എങ്ങനെയാണ് ഇത്രയേറെ സമ്പത്ത് ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ക്ക് പോലും സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ക്കിടയിലും പൊലീസ് രഹസ്യ അന്വേഷണം നടത്തും. പ്രവീണ്‍ റാണയുമായി ബന്ധമുണ്ടായിരുന്ന നാട്ടിലെ രാഷ്ട്രീയ നേതാക്കളേയും സിനിമാ താരങ്ങളേയും ചോദ്യം ചെയ്തേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :