പോത്തന്‍കോട്|
jibin|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (17:01 IST)
പോത്തന്‍കോടിനു സമീപം വാവറയമ്പലത്തിനറ്റുത്ത് വീട്ടിനുള്ളില്‍ 45 കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ദിനേഷ് എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന.
ചാത്തന്നൂര്‍ സ്വദേശി ചന്ദ്രിക വല്ലിയെയാണ് ദാരുണമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാവാം കൊല നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ കൊലപാതക വിവരം വൈകിട്ട് അഞ്ചരയോടെയാണു പുറത്തറിഞ്ഞത്. വാവറയമ്പലം വിദ്യാഭവനില്‍ മണിയന്‍ - രാജലക്ഷ്മി ദമ്പതികളുടെ മകനാണു ദിനേഷ്.
ചന്ദ്രിക വല്ലിയെ കൊലപ്പെടുത്തിയതായി ദിനേഷ് മാതാപിതാക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ദിനേശിന്‍റെ പിതാവ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ചന്ദ്രിക വല്ലിയും ചാത്തന്നൂരിലെ ഒരു ട്രാവല്‍ ഏജന്‍സിയും ചേര്‍ന്ന് ദിനേശിനെ ഗള്‍ഫില്‍ ജോലിക്കയച്ചതിന് വിസ ഇനത്തില്‍ അര ലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാല്‍ വാഗ്ദാനം ചെയ്തതരത്തിലുള്ള ജോലി ലഭിക്കാത്തതിനാല്‍ ദിനേശ് തിരികെ വരുകയും പണം ചോദിക്കുകയും ചെയ്തു. പല തവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതിനാലാണ് ദിനേശ് ഈ കടുംകൈ ചെയ്തതെന്ന് അറിയുന്നു. ചിറയിന്‍കീഴ് ശാര്‍ക്കരയ്ക്കടുത്തു വച്ചാണ് ദിനേശിനെ പിടികൂടിയത് എന്നും സൂചനയുണ്ട്.